ബേക്കൽ: പള്ളിക്കര കരുവാക്കോട് കെട്ടുങ്കാൽ വയലിൽ കൃഷിക്കും നീന്തൽ പരിശീലനത്തിനും ഉപയോഗിക്കാവുന്ന തരത്തിൽ ഒരു പൊതുകുളം നിർമിക്കുന്നതിന് 20 ലക്ഷം രൂപയുടെ പദ്ധതിയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ ഭരണസമിതിയുടെ കാലത്ത് തയാറാക്കിയത്. 16.95 ലക്ഷം അടിസ്ഥാന തുകയും 3.05 ലക്ഷം രൂപ ജിഎസ്ടിയും ഉൾപ്പെടുത്തിയായിരുന്നു അടങ്കൽ. ഇതിനുപുറമേ പള്ളിക്കര പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 ലക്ഷം കൂടി അനുവദിച്ചു. എല്ലാം ചേർത്ത് പ്രവൃത്തികൾ തുടങ്ങി ഒരു വർഷത്തിലധികമായിട്ടും കുളം പൂർത്തിയായില്ല.
കല്ലുവെട്ടുകുഴി പോലെ ആഴത്തിൽ വെള്ളം നിറഞ്ഞുനിൽക്കുന്ന വലിയൊരു കുഴി മാത്രമാണ് ഇപ്പോൾ തച്ചങ്ങാട്-വെളുത്തോളി റോഡരികിൽ കെട്ടുങ്കാൽ വളവിനു സമീപത്തായുള്ളത്. കുഴിച്ചെടുത്ത മണ്ണിൽ കുറച്ചുഭാഗം കരാറുകാരും പഞ്ചായത്തും വില്പന നടത്തി. ബാക്കിഭാഗം സമീപത്തു കൂട്ടിയിട്ടിരിക്കുകയാണ്. കുളത്തിന്റെ ഭിത്തി നിർമിക്കാനായി ഇറക്കിയ ചെങ്കല്ലുകളും ഒരുവശത്ത് അടുക്കിവച്ചിട്ടുണ്ട്.
കല്ലുകെട്ടിയൊരുക്കി കുളം പൂർത്തിയാക്കാൻ 15 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും ഈ മഴക്കാലം കഴിഞ്ഞാലുടൻ പ്രവൃത്തികൾ തുടങ്ങുമെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. വെറുതേ കിടന്ന വയലിൽ 35 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഇങ്ങനെയൊരു കുളം നിർമിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ഇപ്പോൾ നാട്ടുകാർ ചോദിക്കുന്നത്.
റോഡിനോടു ചേർന്നുകിടക്കുന്ന വെള്ളം നിറഞ്ഞ കുഴി ഇപ്പോൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. സമീപത്തെ കലുങ്കിലും തോട്ടിലും നിന്നുള്ള വെള്ളവും ഇപ്പോൾ ഇതിൽ വന്നു നിറയുകയാണ്.
15 ഏക്കറോളം വിസ്തീർണമുള്ള കരുവാക്കോട് വയലിന്റെ വടക്കുകിഴക്കായുള്ള മൂലയിലാണ് നേരത്തേ ഒരു ചെറിയ കുളം ഉണ്ടായിരുന്നത്. മുൻകാലങ്ങളിൽ ഇതിൽനിന്ന് കാർഷിക ആവശ്യത്തിനുള്ള വെള്ളം എടുത്തിരുന്നു. കാലക്രമത്തിൽ മണ്ണടിഞ്ഞ് ആഴവും വലിപ്പവും കുറഞ്ഞ് കുളം വറ്റി. ഈ കുളം നവീകരിക്കുന്നതിന്റെ പേരിലാണ് മറ്റൊരു സ്ഥലത്ത് പുതുതായൊരു കുളം കുഴിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് പുതിയ കുളത്തിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങിയത്. തുടക്കത്തിൽ കുഴിച്ചെടുത്ത മണ്ണ് കരാറുകാർ തന്നെ പുറത്തേക്ക് വില്പന നടത്താൻ തുടങ്ങിയപ്പോൾ നാട്ടുകാർ പഞ്ചായത്തിൽ പരാതി നല്കിയിരുന്നു. തുടർന്ന് പഞ്ചായത്ത് തന്നെ ഇടപെട്ട് മണ്ണു കൊണ്ടുപോകാനുള്ള അവകാശം ലേലം ചെയ്തുനൽകി. പിന്നീട് മഴക്കാലത്ത് നിർത്തിവച്ച പ്രവൃത്തികൾ ഈ വർഷം മാർച്ചിൽ മാത്രമാണ് വീണ്ടും തുടങ്ങിയത്.
കൂടുതൽ ആഴത്തിൽ കുഴിച്ചുതാഴ്ത്തിയപ്പോഴേക്കും വീണ്ടും മഴക്കാലമായി. അങ്ങനെയാണ് കുളത്തിനുപകരം ഇവിടെയൊരു അപകടക്കുഴി രൂപപ്പെട്ടത്. റോഡരികിലായതിനാൽ ആളുകളോ വാഹനങ്ങളോ ഇതിലേക്ക് വീണുപോകാതിരിക്കാൻ നാട്ടുകാർ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ്. കുളം നിർമാണത്തിലെ അപാകതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനും എംഎൽഎക്കും സർക്കാരിനും പരാതി നൽകാനൊരുങ്ങുകയാണ് ഇപ്പോൾ നാട്ടുകാർ.